varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, April 18, 2006

::ഒരു അച്ഛന്റെ പിന്‍വാങ്ങല്‍::

ത്തവണത്തെ വിഷു നാളില്‍ പുലര്‍ച്ചെ വരവേല്‍ക്കാന്‍ വന്ന വാര്‍ത്ത ഈശ്വരവാര്യരുടെ നിര്യാണമായിരുന്നു. ആ സ്ഥൈര്യം, ആര്‍ജ്ജവം, അര്‍പ്പണം ഇതൊന്നും തന്നെ സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു വാര്യരുടെത്‌. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം വിതുമ്പിയ ഒരു വാര്‍ത്തയായിരുന്നു അത്‌. സ്വന്തം മകന്റെ മൃതദേഹത്തിന്‌ എന്ത്‌ പറ്റി എന്നെങ്കിലും അറിയാന്‍ ആയി ഒരച്ഛന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം കേരളത്തിന്റെ ചരിത്രത്തിലെയും മനുഷ്യാവകാശ പഠനത്തിലെയും നിഷേധിക്കാനാവാത്ത ഒരു ഏടാണ്‌.

ഈച്ചരവാര്യര്‍ക്ക്‌ സംഭവിച്ച ദുര്യോഗം ഇന്നാട്ടിലെ ആര്‍ക്കും എപ്പോഴും സംഭവിച്ചേക്കാവുന്ന സംഗതിയാണ്‌. രാഷ്ട്രീയം എന്തോ ആയിക്കോട്ടെ, മകന്റെ ജീവന്‌ എന്തു സംഭവിച്ചു എന്നറിയാനുള്ള അവകാശം ഒരു അച്ഛന്‌ നിഷേധിക്കാനാവാത്ത ഒന്നാണ്‌. അതിന്റെ സത്യാവസ്ഥ എന്തെന്ന് പുറം ലോകത്തെ അറിയിക്കാനുള്ള സമരത്തില്‍ വാര്യര്‍ ഒരു തരത്തില്‍ ഒറ്റക്ക്‌ തന്നെയായിരുന്നു. കേരളം ഒന്നടങ്കം കാഴ്ചക്കാരെ പോലെ നോക്കിനിന്നു അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തെ. ഭരണകൂട സംവിധാനങ്ങളൊക്കെ അദ്ദേഹത്തിന്റെ ഓരോ നീക്കത്തെയും ഭീകരമായി ചവിട്ടിയരക്കുമ്പോഴും നമുക്ക്‌ അത്‌ സായംകാല ചര്‍ച്ചക്കുള്ള ഒരു സംഭവം മാത്രമായിരുന്നു. അല്ലെങ്കില്‍ മലയാളിക്ക്‌ അതിലും വലിയ പല കാര്യങ്ങള്‍ ഉണ്ടായിരുന്നു ശ്രദ്ധിക്കാന്‍. മറ്റൊരച്ഛന്‍ ഇവിടെ തന്റെ മകന്റെ ഇരിപ്പിടം ഉറപ്പിക്കാന്‍ ഇവിടെ മലയാള നാടിനെ മുഴുവന്‍ നാണം കെടുത്തിയ കണക്കെ വൃത്തികെട്ട നാടകങ്ങള്‍ കളിക്കുമ്പോള്‍ നമ്മള്‍ കൈയടിച്ച്‌ പ്രോല്‍സാഹിപ്പിക്കുന്ന തിരക്കിലായിരുന്നു. നമുക്ക്‌ അതൊക്കെ മതി എന്നായിരിക്കുന്നു ഇന്ന്. അല്ലെങ്കിലും നഗ്നമായ പൌരാവകാശ ലംഘനം നടമാടിയിരുന്ന അടിയന്തിരാവസ്ഥ കഴിഞ്ഞ്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ കക്ഷിയെ തുണച്ച ചരിത്രമാണല്ലോ കേരളത്തിനുള്ളത്‌.

30 വര്‍ഷം ആണ്‌ ഈച്ചരവാര്യര്‍ തന്റെ മകന്‌ എന്ത്‌ സംഭവിച്ചു എന്ന അന്വേഷണവുമായി കോടതികള്‍ കയറിയിറങ്ങി ജീവിതം നീക്കുന്നത്‌. കക്കയം ക്യാമ്പില്‍ ഒടുങ്ങിയ രാജന്റെ മൃതദേഹത്തിന്‌ എന്തു പറ്റിയെന്നത്‌ ഇനി ലോകം അറിയാന്‍ പോകുന്നതേയില്ല എന്നതാണ്‌ വാസ്തവം.

3 Comments:

At 3:50 PM, Blogger Kalesh Kumar said...

ഈച്ചരവാര്യരുടെ ആത്മാവിന് നിത്യശാന്തി കിട്ടും. പക്ഷേ, മറ്റേ കക്ഷിയുടെ ....... ???

 
At 4:05 PM, Blogger അതുല്യ said...

എന്റെ കലേഷേ, "മറ്റേയാള്‍" ജീവിച്ചിരിയ്കുമ്പോ തന്നെ, ഈ കണ്ട ജനങ്ങളുടെ ഒക്കെ ആട്ടും തുപ്പും, പോരാത്തതിനു സിനിമാലക്കാരുടെ ലൈവും കണ്ട്‌ ജീവിക്കേണ്ട ഗതികേടില്ലല്ലേ? പിന്നെ എന്തോന്ന് ഇനി സ്പെഷല്‍ ആത്മശാന്തി?

 
At 5:58 AM, Blogger Salil said...

ഏത്‌ ഈച്ചര വാര്യര്‍ .. എന്താണയാളുടെ പ്രത്യേകത.. അടിയന്തിരാവസ്ഥക്കാലത്ത്‌ കൊല്ലപ്പെട്ട രാജന്റെ പിതാവാണ്‌ മരിച്ചതെങ്കില്‍, അയാള്‍ രജ്യത്തിന്‌ വേണ്ടി ഒന്നും ചെയ്ത ആളല്ലല്ലോ !!

നെറികേടിനും നൃശംസതക്കും കൈയും കാലും പിടിപ്പിച്ചാല്‍ എങ്ങനെയിരിക്കും .. മരണത്തിന്‌ മുമ്പിലെങ്കിലും മനുഷ്യന്‌ "നമ്മളൊക്കെ ഇത്രയേ ഉള്ളൂ" എന്ന ഒരു തോന്നല്‍ എങ്കിലും വരും... ആസനത്തില്‍ ആല്‍ മുളച്ചാല്‍ അത്‌ നല്ല തണലല്ലേ എന്ന് ചോദിക്കുന്നവരെ കുറിച്ച്‌ എന്ത്‌ പറയാന്‍.. നമ്മുടെ ഒക്കെ വിധി എന്നല്ലാതെ ..

 

Post a Comment

<< Home